Sunday, January 13, 2019

ക്യാമറ കണ്ണുകൾ


അതിവിദൂര കാഴ്ചയിൽ മനുഷ്യരും മൃഗങ്ങളും;

വിദൂര കാഴ്ചയിൽ കറുമ്പനും വെളുമ്പനും;

ദൂരക്കാഴ്ചയിൽ സ്ത്രീയും പുരുഷനും;

നേർക്കാഴ്ചയിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും;

ഉൾക്കാഴ്ചയിൽ ഒരു പ്രതിബിംബം മാത്രം.

ദീപക്കാഴ്ചയിൽ തിളങ്ങുന്ന മനുഷ്യർ;

പട്ടണ കാഴ്ചയിൽ ബഹുനില മന്ദിരങ്ങൾ.

ഗ്രാമ കാഴ്ചയിൽ ബഹുനില മനുഷ്യർ.

സൂക്ഷ്മ ദർശനിയിൽ അവനും അവളും ശരിയല്ല.

കണ്ണാടി കാഴ്ചയിൽ ഞാൻ ശരി മാത്രം;

കണ്ണാടി മിനുക്കിയാൽ മങ്ങിയ മുഖമോ?

അത് കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടോ?

അതോ, കണ്ണാടിക്ക് തിളക്കം നഷ്ടപ്പെട്ടിട്ടോ?

Saturday, September 29, 2018

ചന്ദ്രനുദിച്ചത് എന്റെ പുഴയിലോ?


[സുനിൽ പി ഇളയിടം എന്ന പ്രഭാഷകന്റെ ചില വാക്കുകളാൽ പ്രചോദിതനായി ചന്ദ്രനെ കുറിച്ചെഴുതിയത്. "രാതിയിൽ നമ്മുടെ പറമ്പിൽ നിന്നും നോക്കുമ്പോൾ, ചന്ദ്രൻ നമ്മുടെ പറമ്പിലാണ് ഉദിച്ചതെന്ന് തോന്നു. ഏതു വരെ ? അടുത്ത പറമ്പിൽ പോയി  നിന്ന് നോക്കുന്നത് വരെ.സുന്ദരിയായ ചന്ദ്രൻ സൂര്യന്റെ പ്രകാശ പ്രതിബിംബമാണ്. പുഴയിൽ കാണുന്നത് ചന്ദ്രന്റെ പ്രതിഭിംബം. പുഴയിലെ  ഓളങ്ങളിൽ ചന്ദ്രൻ ആടുന്നതായി തോന്നുക സ്വാഭാവികമാണ്. ഭൂമിയുടെ കറക്കത്തിനനുസരിച്ച് സൂര്യന്റെ വ്യത്യസ്ത ഭാവങ്ങൾ ചന്ദ്രൻ വരക്കുന്നു. ചിലപ്പോൾ അരിവാള് പോലെ, അല്ലെങ്കിൽ അർദ്ധ ചന്ദ്രനായി, പൂർണ്ണ ചന്ദ്രനായി, ചിലപ്പോൾ വജ്ര മോതിരമായി. ചന്ദ്രൻ അവിടെ തന്നെയുണ്ട്; സൂര്യനെ പ്രകാശിപ്പിക്കുന്നവളായി. " ]


രാത്രിതൻ മറവിലുദിച്ചത് പുഴയിലെ   
വെള്ളത്താമരയല്ലെന്നറിഞ്ഞത്  നീ. 
മാലോകർ പാടിയതെല്ലാമീ,
പുഴയുടെ ഓളങ്ങളാണെന്നു തിരിച്ചറിഞ്ഞ്;
പുഴവക്കിൽ ചൂണ്ടക്കെന്നപ്പോ,
നിന്നവന്റെ കുഞ്ഞുമീനല്ലെന്ന്,
നീ ഓർത്തീടേണം. 
 
ഭിക്ഷയായി വഴിവക്കിൽ വീണിടും ചട്ടിയിൽ,
തുട്ടുപോലല്ലെന്നു അറിയുക നീ.
കാറ്റത്തു വീണിടാൻ ആടിക്കളിക്കുന്ന,
മഞ്ഞ മാമ്പഴമല്ലെന്നും,
നീ ഓർത്തീടേണം.  

കത്തി ജ്വലിച്ചീടും ഹീലിയോസ് ദേവന്റെ;

സെലിനീ ദേവതയാണല്ലോ  നീ 

വാവിന്റ ഭ്രാന്തിളകുമ്പോൾ  നീ സ്വയം,

വേലിയേറ്റ തിരകളെന്നു ഓർത്തീടേണം.

സൂര്യ ഗ്രഹണത്താൽ ഇരുട്ട് മറഞ്ഞത്;

ചന്ദ്രവിലാസമെന്ന് അറിയുക നീ.

ചന്ദ്ര ഗ്രഹണത്താൽ  ഇരുട്ട് മറഞ്ഞത്;

ഭൂമിതൻ കളിയാണെന്നു ഓർത്തീടേണം

Saturday, August 11, 2018

ഒരു തെരുവിന്റെ കവിത


[ തെരുവകളിൽ മുഴങ്ങി കേൾക്കുന്നു നിരവധി സംഭാഷണങ്ങളിൽ നിന്ന് ]

രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ നടക്കാത്ത വാഗ്ദാനങ്ങൾ തരുന്നു

കച്ചവടക്കാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ പറയുന്നത് കച്ചവടത്തിന് വേണ്ടിയാണ്

സർക്കാർ ജോലിക്കാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർക്ക് പെൻഷനാഗ്രഹം മാത്രമേയുള്ളു

സ്വകാര്യ കമ്പനി ജീവനക്കാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ ശമ്പളം കിട്ടാൻ എന്ത് പണിയും ചെയ്യും

ഡോക്ടർമാരെ വിശ്വസിക്കാൻ കൊള്ളില്ല

അവർ പ്രവർത്തിക്കുന്നത് ആശുപത്രികൾക്ക് വേണ്ടി

നടൻമാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ അഭിനയിക്കുകയാണ്

കഥയെഴുത്തുകാരെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ കഥ എഴുതാൻ പറയുന്നതാണ്

കവികളെ വിശ്വസിക്കാൻ കൊള്ളില്ല

കാരണം അവർ ഭാവനയുടെ ലോകത്താണ്

മനുഷ്യരെ വിശ്വസിക്കാൻ കൊള്ളില്ല

ഉണ്ട ചോറിനു നന്ദി കാണിക്കില്ല

പട്ടികൾ മാത്രമാണ് വിശ്വസിക്കാൻ കഴിയുന്ന ഏകജീവി

Wednesday, October 4, 2017

കാല പുസ്തകം


നീ എന്റെ ഉദയമാകാൻ ആഗ്രഹിച്ചു.

വിഷലിപ്‌തമായ ചുവന്ന കിരണങ്ങൾ,

ഓസോൺ കവചത്തെ തകർക്കുമെന്നറിഞ്ഞ രാജ്ഞിയാണ് നീ.

കഴുകൻ രശ്മികളെ തടുക്കാൻ, വന്മരങ്ങളെ

വളർത്തിയ നിൻ സുന്ദര ജീവിതം;

പച്ചത്തുരുത്തായെൻ അസ്തമയംവരെ

സ്നേഹത്തിൻ കുളിർകാറ്റായ്,

രഹസ്യ കഥകളോതും പുസ്തകമായെൻ

കാലത്തെ മറന്നുത്സവമാക്കീടും.  

Thursday, July 13, 2017

പാറക്കല്ലും ഈർപ്പമുള്ള മണ്ണുംനിൻ സങ്കൽപ്പത്തിൽ ഞാൻ വലിയ പാറക്കല്ല്.
നീ കാറ്റായി വന്നു, കൊടുങ്കാറ്റായി വന്നു.
മഴയായി വന്നു, പെരുമഴയായി വന്നു.
സൂര്യതാപത്താൽ ചിന്നിചിതറി.
പൊടി പൊടിയായി തരി  തരിയായി.
പ്രകൃതി സ്നേഹത്തിൽ മണ്ണായിമാറി.
തീർന്നില്ല പ്രകൃതിയുടെ പ്രേമകോപാഭിനയം;
മണ്ണ് കട്ടപിടിച്ചു കല്ലാവും മുമ്പേ ഓട്ടുപാത്രത്തിൽ അടച്ചുവെച്ച്,
നീ ചെറുതിരി കത്തിച്ചു മണ്ണിനെ ചൂടാക്കിനോക്കി.
ഓട്ടു പാത്രത്തിൻ മൂടി തുറന്നു നോക്കി.
തൃപ്തി വരാതെ മഹാമാന്ത്രികന്റെ
വലിയ തീച്ചൂളയ്ക്ക് മീതെ നീയെന്നെ വേവിച്ചു.
മണ്ണും ഓട്ടു പാത്രവും വെന്തരുകി.
പാത്രത്തിൻ മൂടി നീ തുറന്നു നോക്കി.
മണ്ണിൽ നിന്നുമുയരും ചെറിയ ഈർപ്പം;
അരികിൽ പറ്റിപിടിച്ചിട്ടുണ്ടെന്നു അറിയുന്നവൾ നീ. 
നിനക്കായ് പെയ്യും ഭൂമിയിൽ സ്നേഹത്തിൻ പെരുമഴ.

Thursday, April 27, 2017

ആൽത്തറ വേരുകൾ


ആലിൻ ഇലയായി ആടവെ ഞാൻ ഓർത്തു,

ഭൂവിൽ വിളഞ്ഞത് ഇലയായ് തന്നെയോ? 

സന്ദേഹമിത്തിരി തോന്നിച്ചു  കാറ്റിനാൽ

ആൽത്തണലിൽ മേൽതണ്ടിൽ തള്ളിപ്പിടിച്ചു;

 

വർഷങ്ങളോളം ആടിയ പച്ചിലകൾ.

വായുവെ  വായുവാൽ  ശുദ്ധമാക്കും.

പഴുത്തില ഭൂമിയെ സ്വന്തമാക്കും,  പിന്നെ-

അഗ്നിയാൽ വായുവെ  ശുദ്ധമാക്കും.

 

ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടപ്പോൾ,

വേരുകൾ വണ്ണത്തിൽ ഊർന്നിറങ്ങി.

വേരുകൾ ആണ്ടുകൾ പിന്നിട്ടപ്പോൾ,
വേരുകൾ ആൽത്തറയിൽ അഭിരമിച്ചു. 

Friday, April 7, 2017

ക്യാൻസർ (2013-ൽ എഴുതിയ ഒരു കവിത )

എൻ ബാല്യത്തിൽ ഞാനെന്ന-
മ്മയിൽ നിന്നറിഞ്ഞതെൻ 
സോദരിയുടെ മഹാരോഗം.
മരുന്ന് തേടിയലഞ്ഞ പിതാവിന്നുത്തരമൊന്നേയുള്ളൂ;
ഇതൊരു മഹാരോഗം. ആർക്കും വരാരോഗം.
കൗമാരത്തിൽ ഞാനറിഞ്ഞു മഹാരോഗത്തെ
തോൽപ്പിക്കും മഹാരോഗങ്ങൾ പടിഞ്ഞാറുദിച്ചെന്ന്. 
പടിഞ്ഞാറ് ഉദിച്ചത് കിഴക്കിനെ വരിച്ചു.

മരുന്നും മനുഷ്യനും രോഗത്തെ തേടിയലഞ്ഞു.
മഹാരോഗങ്ങൾ മനുഷ്യനെ തേടിയലഞ്ഞു.
രോഗങ്ങൾ മരുന്നിനെ തോൽപ്പിച്ചു.
മരുന്നുകൾ രോഗത്തെ തോൽപ്പിച്ചു.
 
പ്രജ്ഞയെ തോൽപ്പിക്കും വിജയരോഗങ്ങൾ 
കമ്പോള രോഗരാഗ മത്സരത്തിൽ
അഷ്ടപദി പാടിയുമാടിയുകൊണ്ടിരുന്നു  
ഞാനാണ് മുമ്പൻ ഞാനാണ് മുമ്പൻ.

ആർക്കും വരാരോഗം ഏവർക്കുമായി;
വലത്തുമായി ഇടത്തുമായെൻ,
ധൈഷണിക  കവചഗോപുരമാമെൻ ശരീരം
ചീഞ്ഞുനാറിയ ശവമായി തീരുന്നുവോ?
പുനർജനിക്കുമോ വീണ്ടും കർമ്മഫലത്തിൻ
രോഗകൂപമണ്ഡൂകമായി?.....