Wednesday, October 4, 2017

കാല പുസ്തകം


നീ എന്റെ ഉദയമാകാൻ ആഗ്രഹിച്ചു.

വിഷലിപ്‌തമായ ചുവന്ന കിരണങ്ങൾ,

ഓസോൺ കവചത്തെ തകർക്കുമെന്നറിഞ്ഞ രാജ്ഞിയാണ് നീ.

കഴുകൻ രശ്മികളെ തടുക്കാൻ, വന്മരങ്ങളെ

വളർത്തിയ നിൻ സുന്ദര ജീവിതം;

പച്ചത്തുരുത്തായെൻ അസ്തമയംവരെ

സ്നേഹത്തിൻ കുളിർകാറ്റായ്,

രഹസ്യ കഥകളോതും പുസ്തകമായെൻ

കാലത്തെ മറന്നുത്സവമാക്കീടും.  

Thursday, July 13, 2017

പാറക്കല്ലും ഈർപ്പമുള്ള മണ്ണുംനിൻ സങ്കൽപ്പത്തിൽ ഞാൻ വലിയ പാറക്കല്ല്.
നീ കാറ്റായി വന്നു, കൊടുങ്കാറ്റായി വന്നു.
മഴയായി വന്നു, പെരുമഴയായി വന്നു.
സൂര്യതാപത്താൽ ചിന്നിചിതറി.
പൊടി പൊടിയായി തരി  തരിയായി.
പ്രകൃതി സ്നേഹത്തിൽ മണ്ണായിമാറി.
തീർന്നില്ല പ്രകൃതിയുടെ പ്രേമകോപാഭിനയം;
മണ്ണ് കട്ടപിടിച്ചു കല്ലാവും മുമ്പേ ഓട്ടുപാത്രത്തിൽ അടച്ചുവെച്ച്,
നീ ചെറുതിരി കത്തിച്ചു മണ്ണിനെ ചൂടാക്കിനോക്കി.
ഓട്ടു പാത്രത്തിൻ മൂടി തുറന്നു നോക്കി.
തൃപ്തി വരാതെ മഹാമാന്ത്രികന്റെ
വലിയ തീച്ചൂളയ്ക്ക് മീതെ നീയെന്നെ വേവിച്ചു.
മണ്ണും ഓട്ടു പാത്രവും വെന്തരുകി.
പാത്രത്തിൻ മൂടി നീ തുറന്നു നോക്കി.
മണ്ണിൽ നിന്നുമുയരും ചെറിയ ഈർപ്പം;
അരികിൽ പറ്റിപിടിച്ചിട്ടുണ്ടെന്നു അറിയുന്നവൾ നീ. 
നിനക്കായ് പെയ്യും ഭൂമിയിൽ സ്നേഹത്തിൻ പെരുമഴ.

Thursday, April 27, 2017

ആൽത്തറ വേരുകൾ


ആലിൻ ഇലയായി ആടവെ ഞാൻ ഓർത്തു,

ഭൂവിൽ വിളഞ്ഞത് ഇലയായ് തന്നെയോ? 

സന്ദേഹമിത്തിരി തോന്നിച്ചു  കാറ്റിനാൽ

ആൽത്തണലിൽ മേൽതണ്ടിൽ തള്ളിപ്പിടിച്ചു;

 

വർഷങ്ങളോളം ആടിയ പച്ചിലകൾ.

വായുവെ  വായുവാൽ  ശുദ്ധമാക്കും.

പഴുത്തില ഭൂമിയെ സ്വന്തമാക്കും,  പിന്നെ-

അഗ്നിയാൽ വായുവെ  ശുദ്ധമാക്കും.

 

ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടപ്പോൾ,

വേരുകൾ വണ്ണത്തിൽ ഊർന്നിറങ്ങി.

വേരുകൾ ആണ്ടുകൾ പിന്നിട്ടപ്പോൾ,
വേരുകൾ ആൽത്തറയിൽ അഭിരമിച്ചു. 

Friday, April 7, 2017

ക്യാൻസർ (2013-ൽ എഴുതിയ ഒരു കവിത )

എൻ ബാല്യത്തിൽ ഞാനെന്ന-
മ്മയിൽ നിന്നറിഞ്ഞതെൻ 
സോദരിയുടെ മഹാരോഗം.
മരുന്ന് തേടിയലഞ്ഞ പിതാവിന്നുത്തരമൊന്നേയുള്ളൂ;
ഇതൊരു മഹാരോഗം. ആർക്കും വരാരോഗം.
കൗമാരത്തിൽ ഞാനറിഞ്ഞു മഹാരോഗത്തെ
തോൽപ്പിക്കും മഹാരോഗങ്ങൾ പടിഞ്ഞാറുദിച്ചെന്ന്. 
പടിഞ്ഞാറ് ഉദിച്ചത് കിഴക്കിനെ വരിച്ചു.

മരുന്നും മനുഷ്യനും രോഗത്തെ തേടിയലഞ്ഞു.
മഹാരോഗങ്ങൾ മനുഷ്യനെ തേടിയലഞ്ഞു.
രോഗങ്ങൾ മരുന്നിനെ തോൽപ്പിച്ചു.
മരുന്നുകൾ രോഗത്തെ തോൽപ്പിച്ചു.
 
പ്രജ്ഞയെ തോൽപ്പിക്കും വിജയരോഗങ്ങൾ 
കമ്പോള രോഗരാഗ മത്സരത്തിൽ
അഷ്ടപദി പാടിയുമാടിയുകൊണ്ടിരുന്നു  
ഞാനാണ് മുമ്പൻ ഞാനാണ് മുമ്പൻ.

ആർക്കും വരാരോഗം ഏവർക്കുമായി;
വലത്തുമായി ഇടത്തുമായെൻ,
ധൈഷണിക  കവചഗോപുരമാമെൻ ശരീരം
ചീഞ്ഞുനാറിയ ശവമായി തീരുന്നുവോ?
പുനർജനിക്കുമോ വീണ്ടും കർമ്മഫലത്തിൻ
രോഗകൂപമണ്ഡൂകമായി?.....

വികസിക്കുന്ന സ്വർഗ്ഗം (2012-2013 Bangalore)

നഗരമോ നരകമോ സ്വർഗ്ഗമോ
വേഗത്തിൽ ഉച്ചത്തിൽ
സുലഭം കലഹം
മിണ്ടില്ല മിണ്ടാട്ടമില്ല
ബഹളം ലഹള
വേരില്ല വേരോട്ടമില്ല
കുളമില്ല കളമില്ല
കളിയില്ല കളിക്കളമില്ല
കുളിയില്ലാ ജപമില്ല
വെള്ളമില്ല വള്ളമില്ലാ
ഇലയില്ലാ പുല്ലില്ല
മണ്ണില്ല മണ്ണിരയില്ല

തെണ്ടി (2012 -2103 - Bangalore)

ഹൈന്ദവൻ കൊല്ലപ്പെട്ടാൽ
ഇസ്ലാം ഭീകരവാദം.
മുസ്‌ലിം കൊല്ലപ്പെട്ടാൽ
ഹൈന്ദവ ഭീകരവാദം.
പടിഞ്ഞാറും പലയിടങ്ങളിലും
ക്രിസ്തീയ ഭീകരവാദം.
വടക്കൊരിടത്ത് ആര്യവാദം.
പകരമിവിടെ ദ്രാവിഡവാദം. 
വടക്കും തെക്കും ദളിതവാദം.
അമേരിക്കൻ ഭീകരർ എണ്ണപാടത്ത്,
ഇറ്റാലിയൻ ഭീകരർ കേരള തീരത്തു,
അത് നയതന്ത്ര ഭീകരവാദം.
തെണ്ടികൾ കൊല്ലപ്പെട്ടാൽ
തെണ്ടിയത് തന്നെ .

Thursday, January 12, 2017

ഭൂമിയും ചന്ദ്രനും


സൂര്യകിരണങ്ങൾ ചന്ദ്രികക്ക് സ്വന്തമെങ്കിലും

ജനുവരിതൻ മഞ്ഞുകണങ്ങളാൽ 

ഭൂമിയിലെന്നും ചന്ദ്രികക്ക്

നിലാവിൻ വജ്ര കീരീടം.
 
സൂര്യകിരണങ്ങൾ ഭൂമിക്ക് സ്വന്തമെങ്കിലും

ജനുവരിതൻ മഞ്ഞുകണങ്ങളാൽ

ചന്ദ്രനിലെന്നും ഭൂമിക്ക്

സൂര്യ കിരീടം.