Thursday, May 14, 2026

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും

ആരും അഹങ്കരിക്കരുത്.

മൂന്ന് നേരം കോപിക്കുന്നവൻ

ഉപദേശിക്കും ആരും കോപിക്കരുത്.

അസൂയക്കാരന്റെ ഉപദേശം

അസൂയ പാടില്ല.

അത്യാഗ്രഹം ഉള്ളവൻ

ഉപദേശിക്കുന്നു ആഗ്രഹിക്കരുത്.

നീതി കാണിക്കാത്തവർ

നീതി ആവശ്യപ്പെടുന്നു.

നുണ പറയുന്നവർക്ക്

സത്യം അറിയണം.

കുരുടന്മാർ കാഴ്ചയുള്ളവർക്ക്

വഴി പറഞ്ഞുകൊടുക്കുന്നു.


Monday, September 8, 2025

ജയം

 1

ഒന്നിൽ നിന്നും

രണ്ടിലേയ്ക്കൊരു ജയം.

രണ്ടിൽ നിന്നും

മൂന്നിലേയ്ക്കും

പടി കയറുന്ന ജയം.

പടി പടിയായി,

കയറുന്ന ജയം.

പടി പടിയായി,

ഇറങ്ങുന്ന ജയം.

2

പിന്നിൽ നിന്നും

മുന്നിലേയ്ക്ക്

കയറുന്നതൊരു ജയം.

ഇറങ്ങുന്നതൊരു ജയം.

ഉറങ്ങുന്നതുമൊരു ജയം.

ഉറങ്ങാതിരിക്കുന്നതും

സ്വപ്നങ്ങളും

സ്വപ്നഭംഗങ്ങളും

ജയ വിജയങ്ങൾ

തന്നെയെന്നുമെന്നും.

3 

ചിരിക്കുമ്പോളൊരു ജയം

കരയുമ്പോളൊരു ജയം

ഓരോ നിമിഷവും ജയം

നിമിഷം കടക്കുന്ന ജയം

 4 

അറിയുന്നതൊരു ജയം

അറിയാതിരിക്കുന്നതൊരു ജയം

കാണുന്നതൊരു ജയം

കാണാതിരിക്കുന്നതൊരു ജയം

കേൾക്കുന്നതും

കേൾക്കാതിരിക്കുന്നതും

ജയ വിജയങ്ങൾ

തന്നെയെന്നുമെന്നും.

 5

ഒന്നാകുന്നതൊരു ജയം.

രണ്ടാകുന്നതൊരു ജയം.

ഓട്ടത്തിലൊരു ജയം.

ആട്ടത്തിലൊരു ജയം.

ചാട്ടത്തിലൊരു ജയം.

പാട്ടിലുമൊരു ജയം.

 6

ജയിക്കുന്നതൊരു ജയം.

പരാജയമൊരു ജയം.

സുഖത്തിലൊരു ജയം.

ദുഃഖത്തിലൊരു ജയം.

വരണമൊരു ജയം.

മരണമൊരു ജയം.

മരണമില്ലായ്മയും….  

 

 

Monday, July 7, 2025

എന്തൊരു കഞ്ഞി

അന്നജമായത്,

ചോറാണെന്ന്,

ചോറും വറ്റുകൾ

അരിയാണെന്നും

അരികൾ ഓരോ,

നെല്ലിൻ കൂട്ടിൽ

മൂലകമാണെന്നോ-

ർക്കാതൊരുനാൾ

വിളിച്ചീടുന്നു;

എന്തൊരു കഞ്ഞി.

എന്തൊരു കഞ്ഞി.

 

വിശപ്പിൻ വിളിയെ

ഉറക്കിയ കഞ്ഞി;

കഞ്ഞിയിൽ വെള്ളവും

ചോറും വറ്റും

അരിയോട് അര

ബഹുമാനം ഇല്ല.

ദിവസം തോറും

അന്നജമാകും.

അരിയോട് അര

ബഹുമാനം ഇല്ല.

 

അരി വേവായാൽ

ചോറായല്ലോ

ജോറായല്ലോ

അരിയോട് അര,

ബഹുമാനം ഇല്ല.

ചോറായാലും

ജോറായാലും.

 

നെല്ലിനുള്ളിൽ

ഒതുങ്ങിയിരിക്കും

അരിയില്ലെങ്കിൽ

എന്തൊരു കാലം;

കാലന് പോലും

കോലം കെട്ടൊരു

കാലം വരുമെന്നറിഞ്ഞീടേണം.

എന്തൊരു കാലം;

എന്തൊരു കോലം.

 

നല്ലൊരു നെല്ലിൻ

വിത്ത് വിതച്ച്

പല പടവായി

നെല്ല് വിളഞ്ഞു.

മട്ടയും ബസുമതി

ജീരക ശാലയും

പൊന്നിയും കുറുവയും

ജയ പൊക്കാളിയും.

 

നെല്ലിനുള്ളിൽ

ഒതുങ്ങിയിരിക്കും

അരിയില്ലെങ്കിൽ

എന്തൊരു കാലം;

കാലന് പോലും

കോലം കെട്ടൊരു

കാലം വരുമെന്നറിഞ്ഞീടേണം

എന്തൊരു കാലം

എന്തൊരു കോലം.

 

പച്ച പുതച്ചു

കിടക്കും പാടം

നടുവിൽ കസവിൻ

സ്വർണ്ണത്തിളക്കം.

സൂര്യൻ വീശിയ

വെള്ളി വെളിച്ചം

ചന്ദ്രൻ വീശിയ

സ്വർണ്ണ വെളിച്ചം.

 

പച്ച പുതച്ചൊരു

പാടത്തെങ്ങും

കണ്ടം തോറും

ഓടി നടന്നു.

കതിരുകൾ തോറും

നെല്ലുകൾ വിളയും

പൂച്ചെണ്ടായി

സ്വർണനിറത്തിൽ

പാടവരമ്പൊത്തോടി

നടക്കും കുട്ടിക്കാലം

തെളിയും കാലം.

 

കാര്യമിതൊക്കെ

ശരിയെന്നാലും

കഞ്ഞി കുടിച്ചിട്ട

വനെ വിളിച്ചു;

എന്തൊരു കഞ്ഞി.

എന്തൊരു കഞ്ഞി.

 

കൊയ്ത്തു നടത്തി

മെയ്തു നടത്തി

ആറ്റിയും പാറ്റിയും

കുത്തിയെടുത്തു.

നെല്ലിൻ തോടുകൾ

പൊളിച്ചവൻ

അരിയായ്

പൊരിയായ്

അരിയായ്

അടിപൊളിയായി

ചാക്കിൻ കെട്ടിൽ.

 

വിശപ്പിൻ വിളിയെ

ഉറക്കിയ കഞ്ഞി

എന്തൊരു കഞ്ഞി

അരിയോട് അര

ബഹുമാനം ഇല്ല.

ചോറായാലും

എന്തൊരു കഞ്ഞി

 

നെല്ലിനുള്ളിൽ

ഒതുങ്ങിയിരിക്കും

അരിയില്ലെങ്കിൽ

എന്തൊരു കാലം;

കാലന് പോലും

കോലം കെട്ടൊരു,

കാലം വരുമെന്നറിഞ്ഞീടേണം.

എന്തൊരു കാലം.

എന്തൊരു കോലം.

 

Wednesday, June 18, 2025

യുദ്ധം

കുരു പൊന്തിയപ്പോ

ളവൻ ചൊറിഞ്ഞു.

പൊട്ടി ചലമായൊഴുകി-

യവിടെ പല കുരുക്കൾ

മുളച്ചു. ചലമൊഴുകി ഒഴുകി,

മറ്റൊരുവനിലേയ്ക്ക്

തടുക്കാൻ കഴിഞ്ഞില്ല,

അവിടെയും ഒരു കുരു.

അവൻ ഇവന്റെ കുരുവൊന്ന്

പൊട്ടിച്ചു. ഇവനവന്റെ രണ്ട്

കുരു പൊട്ടിച്ചു.

ഒരു കുരുവിന്റെ വ്യത്യാസം

യുദ്ധം തുടങ്ങിയൊരു കുരുവിൽ.

കരു നീക്കി കുരു പൊട്ടിച്ചു.

അവന്റെയൊന്ന്;

ഇവന്റെയൊന്ന്;

ഓരോന്നായ് പൊട്ടി തുടങ്ങി;

എപ്പോഴോ അവിടെ,

രണ്ടു കുരു പൊട്ടി.

ഇവിടെയത് നാലായി.

പൊട്ടുന്ന കുരുക്കളുടെ,

എണ്ണം കൂടി കൂടി,

ചലം കൂടി.

ചലവും കുരുവും

കൂടി പിണഞ്ഞു

വ്രണമായി.

ഇരുവരും

വ്രണങ്ങളിൽ

മുറിവുകളിൽ

സുഗന്ധം പൂശിയില്ല.

പിന്നെയും ഉരച്ചു കൊണ്ടിരുന്നു

വ്രണമുരച്ചു ചോര പൊടിഞ്ഞു

യുദ്ധത്തിന് അന്ത്യമില്ല,

മുറിവുകളിൽ ചവിട്ടി,

വ്രണത്തിൽ ചവിട്ടി,

അവർ തുടർന്നു

എന്തിന് ?

കുരു പൊട്ടിയതാണ്,

ചലം ഒലിച്ചതാണ്,

മനസിന്റെ തോക്കിൻ കുഴലിന്,

മനസിലെ കുരു വെട്ടി

പൊളിയ്ക്കാൻ കഴിയില്ലല്ലോ

യുദ്ധം മനസ്സിലാരംഭിച്ചു.

ശരീരത്തിൽ കുരുക്കൾ പൊന്തി

പിന്നെ ശരീര യുദ്ധം.

കുരു പൊട്ടുന്ന യുദ്ധം.

ശരീരകുരു മനസ്സിൽ മുളച്ചു,

മനസിന് നേരെ തോക്ക് ചൂണ്ടാമോ?

കണ്ണാടി ചൂണ്ടിയാൽ മതിയല്ലൊ.

തോക്കിന് നേരെ കണ്ണാടി

കുരുവിനൊപ്പം കണ്ണാടിയും

പിളരട്ടെ. കണ്ണാടികൾ

പിളർന്ന് തീർന്നാലും

കുരുക്കൾ ബാക്കിയാകുമല്ലോ.

ഒന്നാണോ അതോ രണ്ടാണോ? 

Monday, June 2, 2025

സമയം

ആരംഭമില്ലാത്ത സമയം.

അവസാനമില്ലാത്ത സമയം.

ഉണരുന്നതറിയാത്ത സമയം.

ഉറങ്ങുന്ന സമയത്തു-

ണരുന്ന സമയം.

ഉണരുവാൻ പതിയിരുന്നു-

റങ്ങാതിരിക്കുന്ന സമയം.

സമയം. സമയം.

 

കറങ്ങി തിരിയുന്ന സമയം.

സ്വപ്നത്തിൽ പോലും; 

നിൽക്കാത്ത സമയം.

ഓടുന്ന സമയം. 

തേടുന്ന സമയം.

ഭാഗ്യത്തിൻ സമയം.

ന്യായവിധി തേടുന്ന സമയം.

ഇല്ലാത്ത സമയം.  

കളയുന്ന സമയം.

സമയം. സമയം.


 കടന്നു പോകുന്ന സമയം.

കാത്തിരിക്കുന്ന സമയം.

കാത്തു നില്കാതെ സമയം.

സമയം. സമയം

സമയം ഇല്ലാത്ത- 

നേരത്ത് സമയം.

എന്തൊരു സമയം.

വല്ലാത്ത സമയം.

ഇനിയൊമൊരു സമയം;

അവസാന സമയത്തെ സമയം.

അവസാന സമയം.

എന്തൊരു സമയം.

വല്ലാത്ത സമയം.

  

Wednesday, May 21, 2025

കവിത - എഞ്ചിനീയർ

[ഒരു എഞ്ചിനീയർ തന്റെ കർമ്മ മണ്ഢലത്തിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ഉൾപ്പെടുത്തി ഒരു കവിത. കവിതയുടെ പേര് എഞ്ചിനീയർ. കല്ലിൽ കൊത്തിയെടുക്കുന്ന രൂപം ഉപമിച്ചുകൊണ്ട് എഴുതിയ കവിത.]


കല്പിത രൂപമറിയണം,

കല്ലിന് കല്പിത രൂപം-

വരയ്ക്കണം.

രൂഢരൂപത്തിൽ,

രൂപപ്പെടുത്തണം.

രൂപലാവണ്യം

രൂപീകരിക്കണം.

 

എറിയുന്ന ദൂരമറിയണം.

വേഗമറിയണം.

കല്ലിൻ നീളമറിയണം.

വണ്ണമറിയണം,

വളവുകൾ,

ഒടിവുകൾ,

ചതവുകൾ,

കല്ലിൽ കൊത്തിയെടുക്കണം.

 

കല്പിത രൂപം വരയ്ക്കുവാൻ

അറിയണം.

കല്ലിന് കല്പിത രൂപം

വരയ്ക്കണം.

 

അറിയുവാൻ എറിയുവാൻ

അറിയണം കല്ലിനെ.

എറിയുന്ന കല്ലിന്റെ,

ആവശ്യമറിയണം.

 

എറിയുവാൻ,

അറിയണം,

കല്ലിന്റെ നാമവും

വർണ്ണ വിന്യാസവും.

ശക്തി വിന്യാസവും,

ഉറവിട ചരിത്രവും.

 

കല്ലിനെ പഠിക്കുവാൻ

ഉരയ്ക്കണം

കൊത്തണം

ചെത്തണം

നാമമറിയുവാൻ

രീതിയറിയുവാൻ

മാറ്റ് നോക്കുവാൻ

കല്ലുകൾ

മാറ്റി വെയ്ക്കണം

മാറ്റി നോക്കണം

ഒത്ത് നോക്കണം

കല്ല് കല്ലായി

തിരിച്ചറിഞ്ഞീടണം

 

കല്ലിൽ ഇടിച്ചു നോക്കണം

പൊടിച്ചു നോക്കണം

തൂക്കി നോക്കണം.

അളന്നു നോക്കണം.

 

തൂക്കി നോക്കിയ

കല്ലെടുത്ത്

കല്ലെറിയാൻ,

കല്ലിൻ വിലയറിയണം.

വിലയറിയാൻ,

മൂല്യമറിയണം.

മൂല്യമറിയാൻ,

കല്ലിനെ അറിയണം

 

വിലയിടാൻ

വില നിയ-

ന്ത്രിക്കാൻ,

കല്ലിൻ നാഥനെ

അറിയണം

എറിയുന്ന

ധീരനെ അറിയണം

കൊള്ളുന്ന

മന്നനെ അറിയണം

തള്ളുന്ന മന്നനെ

അറിയണം. 

 

കല്ലുകൾ നിരത്തണം

തരം തിരിക്കണം

ഗുണം തിരിക്കണം

അറിയുവാൻ

എറിയുവാൻ

വരി വരിയായി

ഒതുക്കണം.

എറിയുവാൻ

പുതിയ കല്ലുകൾ

കണ്ടെത്തണം.

പുതുകല്ലുകൾ

മിനുങ്ങുമ്പോൾ

എറിയുവാൻ

പുതുക്കല്ലിൻ

ഗുണമറിയണം 

പഴങ്കല്ലുമായ്

ഒത്തു നോക്കണം.

ബലം കുറഞ്ഞ

കല്ലിൻ

കഥ എഴുതി

മാറ്റി വെയ്ക്കണം.

ചരിത്രമാകണം.  

കഥ കഴിക്കണം.

പുതു കല്ലുകൾ

നിരത്തണം

 

കല്ല് ശേഖരിക്കാൻ

അറ പണിയണം

അറയുടെ

ആകാരമറിയണം

അവശ്യ കല്ലുകൾ

നീക്കി വെയ്ക്കണം

കല്ലിനത്യാവശ്യം

തിരിച്ചറിയണം

അടിയന്തരം

തിരിച്ചറിയണം

മരണമെത്തും മുമ്പേ.


ഈ കല്ലിൻ അറകൾ

ശവകല്ലറയല്ല.

സദാ തുറന്നിരിക്കണം

സദാ നേരമറിയണം

അറിയുവാൻ

എറിയുവാൻ

എവിടെയും ലഭിക്കണം

ഭൂമി തിരിഞ്ഞു കറങ്ങുമ്പോഴും

ഉറങ്ങുമ്പോഴും എറിയണം

കല്ലിന് ദേശമുണ്ടെങ്കിലും

ദേശമില്ല.

സ്വദേശ

വിദേശ

കല്ലുകൾ.

 

കല്ലുകൾ ഒരു തുടർച്ചയാണ്

തുടരേണ്ടതാണ്

സൂക്ഷിക്കണം

ഇന്നേയ്ക്കും

നാളേയ്ക്കും

എന്നേയ്ക്കും.

 

ഭദ്രത ഉറപ്പു

വരുത്തും

കല്ലുകൾ

ഭദ്രമായ്

സൂക്ഷിക്കണം

രക്ഷക്കായ്

സുരക്ഷക്കായ്‌

നിർമ്മിക്കണം

കല്ലുകൾ.

കല്ലിൻ മുനകൾ.

സുരക്ഷാ-

കവചങ്ങൾ.

 

കാലം മാറുമ്പോൾ

കല്ലിൻ മാറ്റമറിയണം

വളർച്ചറിയണം

തളർച്ചയറിയണം

ഉരച്ച കല്ലുകൾ

വീണ്ടുമുരച്ചു നോക്കി

തെറ്റുകൾ തിരുത്തണം

മാറ്റം ഭംഗിയാക്കണം.

തിരുത്താനാവാത്ത കല്ലുകൾ

മാറ്റി പുതുകല്ലുകൾ

ഉരച്ചു നോക്കി

അറയിൽ നിറയ്ക്കണം.

പുതുമാറ്റങ്ങൾ 

രൂപീകരിക്കുവാനെന്നും

രൂപാന്തര തന്ത്രങ്ങൾ

ആന്തരമായൊരു

കൗശലമാകണം.


മുതൽക്കൂട്ടായി

കണ്ടുകൊണ്ട്

കല്ലിനെ പേരിട്ട്,

വിളിക്കണം.

തരം തിരിക്കണം 

സൂക്ഷിക്കണം.

ചെങ്കല്ലുകൾ

പാറക്കല്ലുകൾ

മാർബിളുകൾ

ഗ്രാനൈറ്റുകൾ

ഡയമണ്ടുകൾ

എമറാൾഡുകൾ

റൂബിക്കല്ലുകൾ

എന്നിങ്ങനെ

അറിഞ്ഞു പേരിടണം.

അറയിൽ സൂക്ഷിക്കണം

എറിയാൻ അറിയാൻ

അറയിൽ സൂക്ഷിക്കണം.


അറിയണം

ആരുടെ കല്ലുകൾ

എവിടുത്തെ

കല്ലുകൾ

എപ്പോൾ മുളച്ചവർ 

എങ്ങനെയെന്നറിയണം

എന്തിനെന്നറിയണം 

കല്ലിന്റെ ചരിത്രം

പഠിയ്ക്കണം

കല്ലിന്റെ പല്ലുകൾ

പഠിയ്ക്കണം

ഏറു കൊള്ളുന്ന

മന്നൻ പഠിയ്ക്കണം.

കല്ലിൻ ഗുണഗണങ്ങൾ

പഠിയ്ക്കണം.

കല്ലേറ് കൊള്ളുന്ന

മനിതനും പഠിയ്ക്കണം

കല്ലെറിയാനും

കല്ലിൻ ഗുണമറിയാനും.

 

എറിയുവാൻ

നിരത്തണം

നിരയിൽ

നിര നിരയായി

 

ഒരു കല്ല്

പതുക്കെ എറിയണം

ചിലപ്പോൾ ഒറ്റയ്ക്ക്

എറിയണം.

ഓരോന്നായ് 

എറിയണം

ചില നേരങ്ങളിൽ 

ഒരുമിച്ചെറിയണം  

 

കല്ലിന്റെ കൂടുകൾ

മാറ്റി നോക്കണം

ചൂടിന്റെ കാഠിന്യം

കൂട്ടി നോക്കണം

കൂടിന്റെ ചട്ടകൾ

മാറ്റി നോക്കണം

സമ്മർദ്ദ തന്ത്രങ്ങൾ

പയറ്റി നോക്കണം

കല്ലിന്റെ ശക്തിയളക്കണം

കല്ല് കല്ലായി മാറണം

കല്ലിന്റെ  ശക്തി

മൂല്യമായ്  മാറണം

കല്ലിന്റെ  ശക്തി

മൂല്യമായ്  മാറണം

 

കല്ലിൽ വീഴുന്ന തുളകൾ

അടയ്ക്കുവാൻ

പുല്ലിന് കഴിയില്ലെന്നറിയണം

കല്ലിലെ ചെളി മായ്ക്കണം

പുല്ലുപോലെ

പുല്ലിന്റെ പണി

പുല്ല് ചെയ്യണം

കല്ലിനു കാലം

പണിയായിടും

തേയ്മാനം

കല്ലിന് വിനയായിടും

ചെറു പ്രശ്നങ്ങൾ

നേരിടാൻ

സജ്ജമാക്കാം

എണ്ണയിൽ

കല്ലിനെ മിനുസമാക്കാം

എണ്ണമയത്തിൽ

തെന്നി നീങ്ങാം

കല്ലിന്റെ കാലം

കഴിയും വരെ.

 

അതിരൂക്ഷ പ്രശ്നങ്ങൾ നേരിടുവാൻ;

ചോദ്യങ്ങൾ ഓരോന്ന് ചോദിച്ചിടാം.

എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്.

പിന്നെയും ഓരോന്ന് ചികഞ്ഞിടുവാൻ,

മീനിന്റെ മുള്ളിലും അന്വേഷിക്കാം.

മീൻമുള്ള് കലയായി മാറ്റികൊണ്ട്

പ്രശ്നങ്ങൾ ഓരോന്നും തീർപ്പാക്കിടാം.

 

കല്ലിന്റെ പല്ലിന്

അളവ് വേണം.

അളക്കുവാൻ

അളവിന്റെ

കോല് വേണം.

 

കല്ലിന്റെ ഗുണവേഗ

മൂല്യങ്ങൾ ഓരോന്നും

വർഷത്തിൽ മുറിയാതെ

അളന്നിടേണം.

 

കല്ലുകൾ ഒരു തുടർച്ചയാണ്

തുടരേണ്ടതാണ്

സൂക്ഷിക്കണം

ഇന്നേയ്ക്കും

നാളേയ്ക്കും

എന്നേയ്ക്കും.


അടിക്കുറിപ്പ് : തുടരും  

 


Thursday, May 15, 2025

ആരുടെ ഗർഭം?

വടക്കൊരു സുന്ദരി ശർദ്ധിച്ചു.

തെക്കൊരു സുന്ദരി ശർദ്ധിച്ചു.

ദിക്കുകൾ തോറും ശർദ്ധിച്ചു.

ഗർഭത്തിനുത്തരം പറയേണ്ടവർക്കുത്തരം മുട്ടി.

സുന്ദരിയല്ലേ...

തന്തയല്ലെങ്കിലും

സ്വന്തമല്ലെങ്കിലും

ഒരു ഗർഭത്തിനു നൂറു പേർ-

വീതം അച്ഛനായി.

തന്തയില്ലാ ഗർഭം.

ഗർഭം കലക്കി.

ഗർഭം കലങ്ങി.

ആരോ പറഞ്ഞറിഞ്ഞു,

കുളി തെറ്റിയതല്ല,

തീറ്റ തെറ്റിയതാണ്.

പ്രസവം കാത്തിരുന്ന

തന്തമാരുടെ തലയിൽ

വീണ്ടുമവൾ ശർദ്ധിച്ചു.

അപ്സര സുന്ദരി.

ശരിയാണ് തീറ്റ തെറ്റിയതാണ്.

ഒടുവിൽ അവൻ പുലമ്പി: "ആരുടെ ഗർഭവും ഏറ്റെടുക്കാം

എങ്കിലും ചന്ദ്രികേ, ചക്ക ഇങ്ങനെയൊക്കെ തിന്നാമോ?" 

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...