Thursday, July 13, 2017

പാറക്കല്ലും ഈർപ്പമുള്ള മണ്ണും

നിൻ സങ്കൽപ്പത്തിൽ ഞാൻ വലിയ പാറക്കല്ല്.
നീ കാറ്റായി വന്നു, കൊടുങ്കാറ്റായി വന്നു.
മഴയായി വന്നു, പെരുമഴയായി വന്നു.
സൂര്യതാപത്താൽ ചിന്നിചിതറി.
പൊടി പൊടിയായി തരി  തരിയായി.
പ്രകൃതി സ്നേഹത്തിൽ മണ്ണായിമാറി.
തീർന്നില്ല പ്രകൃതിയുടെ പ്രേമകോപാഭിനയം;
മണ്ണ് കട്ടപിടിച്ചു കല്ലാവും മുമ്പേ ഓട്ടുപാത്രത്തിൽ അടച്ചുവെച്ച്,
നീ ചെറുതിരി കത്തിച്ചു മണ്ണിനെ ചൂടാക്കിനോക്കി.
ഓട്ടു പാത്രത്തിൻ മൂടി തുറന്നു നോക്കി.
തൃപ്തി വരാതെ മഹാമാന്ത്രികന്റെ
വലിയ തീച്ചൂളയ്ക്ക് മീതെ നീയെന്നെ വേവിച്ചു.
മണ്ണും ഓട്ടു പാത്രവും വെന്തരുകി.
പാത്രത്തിൻ മൂടി നീ തുറന്നു നോക്കി.
മണ്ണിൽ നിന്നുമുയരും ചെറിയ ഈർപ്പം;
അരികിൽ പറ്റിപിടിച്ചിട്ടുണ്ടെന്നു അറിയുന്നവൾ നീ. 
നിനക്കായ് പെയ്യും ഭൂമിയിൽ സ്നേഹത്തിൻ പെരുമഴ.



[Note : ഖര രൂപത്തിലുള്ള വസ്തുക്കളിൽ നിന്ന് ശാസ്ത്രീയമായ രീതിയിൽ ജലാംശം പുറത്തുകൊണ്ടു വരുന്ന പ്രവർത്തനത്തെ പ്രണയത്തിന്റെ തീവ്രമായ ഭാവങ്ങളുമായി ഉപമിക്കാൻ തോന്നിയ നിമിഷങ്ങളിൽ എഴുതിയ കവിത. മകനെ സയൻസ് പഠിപ്പിക്കുന്നതിനിടയിൽ തോന്നിയ ഉപമകൾ. ]

Thursday, April 27, 2017

ആൽത്തറ വേരുകൾ


ആലിൻ ഇലയായി ആടവെ ഞാൻ ഓർത്തു,

ഭൂവിൽ വിളഞ്ഞത് ഇലയായ് തന്നെയോ? 

സന്ദേഹമിത്തിരി തോന്നിച്ചു  കാറ്റിനാൽ

ആൽത്തണലിൽ മേൽതണ്ടിൽ തള്ളിപ്പിടിച്ചു;

 

വർഷങ്ങളോളം ആടിയ പച്ചിലകൾ.

വായുവെ  വായുവാൽ  ശുദ്ധമാക്കും.

പഴുത്തില ഭൂമിയെ സ്വന്തമാക്കും,  പിന്നെ-

അഗ്നിയാൽ വായുവെ  ശുദ്ധമാക്കും.

 

ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടപ്പോൾ,

വേരുകൾ വണ്ണത്തിൽ ഊർന്നിറങ്ങി.

വേരുകൾ ആണ്ടുകൾ പിന്നിട്ടപ്പോൾ,
വേരുകൾ ആൽത്തറയിൽ അഭിരമിച്ചു. 

Friday, April 7, 2017

ക്യാൻസർ (2013-ൽ എഴുതിയ ഒരു കവിത )

എൻ ബാല്യത്തിൽ ഞാനെന്ന-
മ്മയിൽ നിന്നറിഞ്ഞതെൻ 
സോദരിയുടെ മഹാരോഗം.
മരുന്ന് തേടിയലഞ്ഞ പിതാവിന്നുത്തരമൊന്നേയുള്ളൂ;
ഇതൊരു മഹാരോഗം. ആർക്കും വരാരോഗം.
കൗമാരത്തിൽ ഞാനറിഞ്ഞു മഹാരോഗത്തെ
തോൽപ്പിക്കും മഹാരോഗങ്ങൾ പടിഞ്ഞാറുദിച്ചെന്ന്. 
പടിഞ്ഞാറ് ഉദിച്ചത് കിഴക്കിനെ വരിച്ചു.

മരുന്നും മനുഷ്യനും രോഗത്തെ തേടിയലഞ്ഞു.
മഹാരോഗങ്ങൾ മനുഷ്യനെ തേടിയലഞ്ഞു.
രോഗങ്ങൾ മരുന്നിനെ തോൽപ്പിച്ചു.
മരുന്നുകൾ രോഗത്തെ തോൽപ്പിച്ചു.
 
പ്രജ്ഞയെ തോൽപ്പിക്കും വിജയരോഗങ്ങൾ 
കമ്പോള രോഗരാഗ മത്സരത്തിൽ
അഷ്ടപദി പാടിയുമാടിയുകൊണ്ടിരുന്നു  
ഞാനാണ് മുമ്പൻ ഞാനാണ് മുമ്പൻ.

ആർക്കും വരാരോഗം ഏവർക്കുമായി;
വലത്തുമായി ഇടത്തുമായെൻ,
ധൈഷണിക  കവചഗോപുരമാമെൻ ശരീരം
ചീഞ്ഞുനാറിയ ശവമായി തീരുന്നുവോ?
പുനർജനിക്കുമോ വീണ്ടും കർമ്മഫലത്തിൻ
രോഗകൂപമണ്ഡൂകമായി?.....

വികസിക്കുന്ന സ്വർഗ്ഗം (2012-2013 Bangalore)

നഗരമോ നരകമോ സ്വർഗ്ഗമോ
വേഗത്തിൽ ഉച്ചത്തിൽ
സുലഭം കലഹം
മിണ്ടില്ല മിണ്ടാട്ടമില്ല
ബഹളം ലഹള
വേരില്ല വേരോട്ടമില്ല
കുളമില്ല കളമില്ല
കളിയില്ല കളിക്കളമില്ല
കുളിയില്ലാ ജപമില്ല
വെള്ളമില്ല വള്ളമില്ലാ
ഇലയില്ലാ പുല്ലില്ല
മണ്ണില്ല മണ്ണിരയില്ല

Thursday, January 12, 2017

ഭൂമിയും ചന്ദ്രനും


സൂര്യകിരണങ്ങൾ ചന്ദ്രികക്ക് സ്വന്തമെങ്കിലും

ജനുവരിതൻ മഞ്ഞുകണങ്ങളാൽ 

ഭൂമിയിലെന്നും ചന്ദ്രികക്ക്

നിലാവിൻ വജ്ര കീരീടം.
 
സൂര്യകിരണങ്ങൾ ഭൂമിക്ക് സ്വന്തമെങ്കിലും

ജനുവരിതൻ മഞ്ഞുകണങ്ങളാൽ

ചന്ദ്രനിലെന്നും ഭൂമിക്ക്

സൂര്യ കിരീടം. 

Friday, September 2, 2016

ഞാൻ ഒരു ഭ്രൂണം


ശബ്‌ദിക്കാൻ ശബ്ദമില്ലെൻ വേദന,

നിശബ്ദമായൊരു പരിഹാസ്യവേദന,

പണക്കിഴി ശബ്ധത്തിൻ അട്ടഹാസമെന്നത്,

ഭൂമിയിൽ ആനന്ദ നൃത്തമെത്രെ.

അകപ്പൊരുൾ അറിയാതെ കേഴും,

കുലീനയാണ് ഞാൻ.

കാരണഭൂതമറിയാതെ കൂപമണ്ഡൂക-

കാലവിചാരം നേരിടും, 

കുലടയെപ്പോൾ.

Sunday, August 7, 2016

ഒരു പുഴുവിന്റെ പ്രണയഗീതം


നീ പറയുന്നു നീയൊരു പുഴുവാണെന്ന്.
നീ പുഴുവെങ്കിൽ ഞാൻ മണ്ണാണ്.

നീ ഉഴുതുമറിച്ച മണ്ണിൽ,
ഞാൻ റോസാപ്പൂക്കളും.
കാപ്പിച്ചെടികളും വിളയിച്ചെടുക്കും.

പല നിറങ്ങളിലുള്ള റോസാ പുഷ്പ്പങ്ങൾ.
സുഗന്ധം വിതറുന്ന കാപ്പിചെടികൾ.

കാലചക്രം തിരിയുമ്പോൾ,
കാർമേഘം മഴപെയ്യിക്കും.
സൂര്യൻ അവയെ ജ്വലിപ്പിക്കും.

ഇളംകാറ്റിൽ  മയങ്ങിയും,
കൊടുങ്കാറ്റിൽ ആടിയുലഞ്ഞും,
കാപ്പിയും റോസും പുതിയ കവിതകൾ ഏഴുതും. 

നീ ഇലകളിൽ ഇഴഞ്ഞും,
പുഴുവാണെന്നു ഓർമ്മിപ്പിക്കും,
ഞാൻ മണ്ണിൽ അലിയും വരെ.

അവസാനമില്ലാത്ത പുഴുവിൻ നൃത്തം,
ഭൂമിതൻ ഗർഭപാത്രത്തിൽ-
ഇളകിമറയും ജലപാതയിലൂടെ.

വലിയ ഉപദേശങ്ങൾ

അഹങ്കാരമുള്ളവർ ഉപദേശിക്കും ആരും അഹങ്കരിക്കരുത്. മൂന്ന് നേരം കോപിക്കുന്നവൻ ഉപദേശിക്കും ആരും കോപിക്കരുത്. അസൂയക്കാരന്റെ ഉപദേശം അസൂയ ...