കുരു പൊന്തിയപ്പോ
ളവൻ ചൊറിഞ്ഞു.
പൊട്ടി ചലമായൊഴുകി-
യവിടെ പല കുരുക്കൾ
മുളച്ചു. ചലമൊഴുകി ഒഴുകി,
മറ്റൊരുവനിലേയ്ക്ക്
തടുക്കാൻ കഴിഞ്ഞില്ല,
അവിടെയും ഒരു കുരു.
അവൻ ഇവന്റെ കുരുവൊന്ന്
പൊട്ടിച്ചു. ഇവനവന്റെ രണ്ട്
കുരു പൊട്ടിച്ചു.
ഒരു കുരുവിന്റെ വ്യത്യാസം
യുദ്ധം തുടങ്ങിയൊരു കുരുവിൽ.
കരു നീക്കി കുരു പൊട്ടിച്ചു.
അവന്റെയൊന്ന്;
ഇവന്റെയൊന്ന്;
ഓരോന്നായ് പൊട്ടി തുടങ്ങി;
എപ്പോഴോ അവിടെ,
രണ്ടു കുരു പൊട്ടി.
ഇവിടെയത് നാലായി.
പൊട്ടുന്ന കുരുക്കളുടെ,
എണ്ണം കൂടി കൂടി,
ചലം കൂടി.
ചലവും കുരുവും
കൂടി പിണഞ്ഞു
വ്രണമായി.
ഇരുവരും
വ്രണങ്ങളിൽ
മുറിവുകളിൽ
സുഗന്ധം പൂശിയില്ല.
പിന്നെയും ഉരച്ചു കൊണ്ടിരുന്നു
വ്രണമുരച്ചു ചോര പൊടിഞ്ഞു
യുദ്ധത്തിന് അന്ത്യമില്ല,
മുറിവുകളിൽ ചവിട്ടി,
വ്രണത്തിൽ ചവിട്ടി,
അവർ തുടർന്നു
എന്തിന് ?
കുരു പൊട്ടിയതാണ്,
ചലം ഒലിച്ചതാണ്,
മനസിന്റെ തോക്കിൻ കുഴലിന്,
മനസിലെ കുരു വെട്ടി
പൊളിയ്ക്കാൻ കഴിയില്ലല്ലോ
യുദ്ധം മനസ്സിലാരംഭിച്ചു.
ശരീരത്തിൽ കുരുക്കൾ പൊന്തി
പിന്നെ ശരീര യുദ്ധം.
കുരു പൊട്ടുന്ന യുദ്ധം.
ശരീരകുരു മനസ്സിൽ മുളച്ചു,
മനസിന് നേരെ തോക്ക് ചൂണ്ടാമോ?
കണ്ണാടി ചൂണ്ടിയാൽ മതിയല്ലൊ.
തോക്കിന് നേരെ കണ്ണാടി
കുരുവിനൊപ്പം കണ്ണാടിയും
പിളരട്ടെ. കണ്ണാടികൾ
പിളർന്ന് തീർന്നാലും
കുരുക്കൾ ബാക്കിയാകുമല്ലോ.
ഒന്നാണോ അതോ രണ്ടാണോ?